Kerala
പയ്യന്നൂര്‍: തെരുവു നായ്ക്കളെക്കൊണ്ട് പൊറുതി മുട്ടുന്ന കാനായി മീന്‍കുഴി ഡാമിന് സമീപം വിദ്യാര്ഥിനിക്ക്നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്.
ബുധനാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് മീന്‍കുഴി ഡാമിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. സമീപവാസിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ വേദ സജേഷാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്.
സ്കൂള്‍ വിട്ടുവന്നതിന് ശേഷം ട്യൂഷന് ക്ലാസില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് അഞ്ചോളം നായ്ക്കള്‍ കൂട്ടമായി എത്തി വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. പ്രാണരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലും ഒച്ചകേട്ടയുടന് വീട്ടുകാരുള്‍പ്പെടെ പുറത്തിറങ്ങിയതിനാലുമാണ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത്. എങ്കിലും കുട്ടിയുടെ വസ്ത്രങ്ങള്‍ നായ്ക്കളുടെ കടിയേറ്റ് കീറിയിരുന്നു.
ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ എണ്ണം കൂടുതലായതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Kerala
കോട്ടയം: വൈക്കത്ത് ബൈക്ക് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാര്‍ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (20)മരിച്ചത്. ഇന്നു രാവിലെ ഒമ്പതിന് വൈക്കത്തിനു സമീപം നനാടത്താണ് അപകടം.
വൈക്കത്തു നിന്നു പുത്തോട്ടയിലെ സ്വകാര്യ കോളജിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന മുഹമ്മദ് ഇര്‍ഫാന്റെ വാഹനം ട്രാവലറിൽ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സമീപത്തെ പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്. മുഹമ്മദ് ഇര്‍ഫാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈക്കം ഇര്ഫാന് മന്‍സില്‍ നാസറിന്റെ മകനാണ്.
ബിഎസ്സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ഥിയാണ്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പറയുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ കേരളം അംഗീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും, എഐഎസ്എഫും തീരുമാനിച്ചു
ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സിപിഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
അതിനിടെ കണ്ണൂരിൽ എഐവൈഎഫ് മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു. മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് നേരത്തെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ രംഗത്തെത്തിയിരുന്നു.
NRI
അൽവാരാഡോ( ടെക്സസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ മർദനമൂലാമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.
ആഷ്ലിയെ ഒക്ടോബർ 20ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കൈയിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
ചെൽസി സ്പില്ലേഴ്സ് അധ്യാപികയായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച് കെഎസ്യുവും എംഎസ്എഫും. മുട്ടിൽ ഡബ്ലൂഎംഒ കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.
കോൺഗ്രസ് നേതാക്കളായ ഐ.സി.ബാലകൃഷ്ണനും, ടി.സിദ്ധിഖും നിയമസഭ കാണില്ലെന്ന് ഭീഷണിയും എംഎസ്എഫ് മുഴക്കി. ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബാനർ പിടിച്ചായിരുന്നു പ്രകടനം. തർക്കത്തെ തുടർന്ന് പല കോളജുകളിലും എംഎസ്എഫും കെഎസ്യുവും സഖ്യം ഉണ്ടായിരുന്നില്ല.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജിൽ വിജയിച്ച കെഎസ്യു എംഎസ്എഫിന് എതിരെ ബാനർ ഉയർത്തി പ്രകടനം നടത്തി. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെഎസ്യു ഉയർത്തിയ ബാനർ.
Kerala
തൊടുപുഴ: കടന്നലിന്റെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില്‍ ശ്രീരാജ് (15) , മുത്തച്ഛന് രാജു (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ ഇവരെ തൊടുപുപുഴയില് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. ശ്രീരാജ് സ്കൂളിലേക്കു പോകുന്ന വഴി കടന്നലുകള്‍ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കടന്നലുകള്‍ കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിന്‍കോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ ദേഹമാസകലം കുത്തിയിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി തീ വീശി കടന്നലുകളെ അകറ്റിയാണ് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
Kerala
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കൾ പിടിയിൽ. തമിഴ്നാട്ടിലെ സേലത്ത് നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നുതന്നെ ഇവരെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ഇരുവർക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും. കേസിൽ റമീസിന്റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേസിൽ പ്രതി ചേർക്കുന്നത്.
അതേസമയം, കേസിൽ നിലവിൽ റിമാൻഡിലുള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
യുവതി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.
ഈമാസം ഒമ്പതിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Kerala
കൊച്ചി: കോതമംഗലത്തു ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്.
അതേസമയം, ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിനു പിന്നാലെ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താല്‍ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം. ഇതിനിടെ, ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സംശയം ഉയരുന്നുണ്ട്.
കേസിൽ യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേർത്തിട്ടുണ്ട്. യുവതിയെ റമീസ് മർദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
റമീസിന്റെമേൽ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് പോലീസിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നപേരില്‍ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണു പോലീസിന്റെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല.
എന്നാല്‍ മതം മാറ്റിയശേഷം ചൂഷണം ചെയ്യുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റും ഉപയോഗിക്കുന്നതിനോ ആയിരുന്നു റമീസിന്റെ ലക്ഷ്യമെന്നു കണ്ടെത്തിയാലേ ലൗ ജിഹാദ് എന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുകയുള്ളൂ.
അന്വേഷണം തുടരുകയാണെന്നും ഓരോ ഘട്ടത്തിലും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പത്തംഗ അന്വേഷണസംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാരുമുണ്ട്.
യുവതി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കേസിൽ റമീസിന്റെ മാതാപിതാക്കളെയും പ്രതിചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇവർക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിലില്ലെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശേരി മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ തേടും.
പെൺകുട്ടിക്ക് ആൺസുഹൃത്തായ റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Kerala
കോതമംഗലം: ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശേരി മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ തേടും.
പെൺകുട്ടിക്ക് ആൺസുഹൃത്തായ റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽ പറമ്പിൽ റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കൂടാതെ, റമീസിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യംചെയ്യും. ഇരുവരെയും കേസിൽ പ്രതികളാക്കാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയേക്കും. പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിലില്ലെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റെമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റെമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Kerala
കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോന എൽദോസിന്റെ (23) ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് റമീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യംചെയ്തുവരികയാണ്.
പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.
ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. സോനയെ മർദിച്ചതിന് തെളിവായി വാട്സാപ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ ജീവനൊടുക്കുമെന്ന് സോന പറയുമ്പോൾ ചെയ്തോളാനായിരുന്നു റമീസിന്റെ മറുപടി.
സോനയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി. റമീസിന്റെ വീട്ടുകാരെയും പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്.
ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
Kerala
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി. ആണ് സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാള്‍.
കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന എല്‍ദോസിനെ(21)നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.
റമീസിന്റെ പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ കോതമംഗലം പോലീസില്‍ പരാതി നല്കി. റമീസും സോനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിദ്യാര്‍ഥിനിയെ പറവൂരിലെ വീട്ടിലെത്തിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
റമീസിനെതിരേ ഉടന്‍ കേസെടുക്കുമെന്നു കോതമംഗലം പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്കും ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കും.
National
ചെന്നൈ: കാഞ്ചിപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി. നിലമ്പൂർ സ്വദേശി മുഹമ്മദ് അഷ്മിലിനെയാണ് (20) കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. പത്ത് പേരടങ്ങിയ വിദ്യാർഥി സംഘമാണ് കരിങ്കൽ ക്വാറിയോട് ചേർന്നുളള കുളത്തിൽ കുളിക്കാനായി എത്തിയത്. ഇതിനിടെ അഷ്മിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
രാത്രി എട്ട് വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
കുളത്തിന് 300 അടി താഴ്ചയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു വിദ്യാർഥികൾ.